ന്യൂഡൽഹി: എഐ ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി. പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കും. തന്റെ ശബ്ദമടക്കം ക്ലോൺ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ ഹർജി നൽകിയത്.
ലിങ്കുകൾ നിർമിച്ച എല്ലാവരെയും കക്ഷിയാക്കാനും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി അപേക്ഷ നൽകാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എഐ അടക്കം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഗുരുതര സാഹചര്യമാണെന്നും മോഹൻലാലിന്റെ ഹർജിയിൽ പറയുന്നു.
മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതിസിംഗാണ് ഹര്‍ജി പരിഗണിച്ചത്. മോഹൻലാലിനായി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.